Wednesday 18 April 2012

10:18 - No comments

bhayam

വെളിയിലെ കാഴ്ചകള്‍ ഇല്ലാതെയാക്കുന്ന രാവിനെയാദ്യം ഭയന്നു
കുഴയുന്ന കാലോടെ കൂരാപ്പിനെത്തുന്ന അച്ഛനെ പിന്നെ ഭയന്നു
നാഗവും നായ്കളും നരികളും ചീറുന്ന പറന്പിനെയും ഭയന്നു
ഉടലില്‍ നിന്നുയിരിനെ വേര്‍പിരിക്കാവുന്ന ദൈവത്തിനെയും ഭയന്നു

മാതാപിതാക്കളും ഗുരുക്കളും ദൈവവും സത്യത്തെയെന്നും വെറുത്തു
അറിയാതെ ചെയ്തൊരാ തെറ്റുകള്‍ ഒക്കെയും അറിവോടെതന്നെ ഒളിച്ചു
പ്രതിരൂപദര്‍ശനം സംത്രിപ്തിയേകാത്ത ദര്പണത്തേയും വെറുത്തു
മൂകമാം പ്രണയങ്ങള്‍ ഉദയങ്ങള്‍ കാണാതെ ഉറവില്‍ തന്നെ കഴിച്ചു
 
കാമമടക്കുവാന്‍ കാഴ്ചകള്‍ പോരെന്നു കൌമാരം ചൊല്ലിത്തുടങ്ങി
മര്‍ദനമേല്ക്കാത്ത ഉടലോടെ കത്തുന്ന മേനികള്‍ നെഞ്ചില്‍ നിറഞ്ഞു 
മനവും മനനവും മിത്യയാം  ലോകത്ത് മിഴിവോടെ വിങ്ങി തിളങ്ങി 
മാന്‍മിഴികോണിലെ തെന്നലായെത്തുന്ന ജ്വാലകള്‍ കനവിലും കണ്ടു 

സ്വപ്‌നങ്ങള്‍ കണ്ടു കണ്ടങ്ങനെ ജീവിതം പടിപടിയായി കടന്നു 
മോഹിച്ച സഖിമാരോ സ്നേഹസതീര്‍ത്യരോ ഉണ്ടാവില്ലെന്നറിഞ്ഞു
ഭയവും മനസിലെ ആശകള്‍ഒക്കെയും പടികളിറങ്ങി നടന്നു
പിന്നെയും ജീവിതം ജീവിച്ചു തീര്‍ക്കുവാന്‍ ബാക്കിയായ് ഇന്നും കിടപ്പൂ

Sunday 1 January 2012

രാത്രി

കൊഴിയുമാ സൂര്യന്റെ ചെങ്കിരണങ്ങളാല്‍ 
വരവേല്കയായ് യാമിനി തന്നുടെ ബാല്യത്തെ
സൂര്യനെ പ്രേമിച്ച ധരണിതന്‍  ഉടലിനെ
കൊതിയോടെ പൊതിയുമാ വെണ്ണിലാവും
ഇര തേടിയെത്തുന്ന വാവലും മൂങ്ങയും
ഇണകളെ തേടുന്ന രാപ്പാടിയും
തെളിവാര്‍ന്ന മാനത്തു ചിതറികിടക്കുന്ന
മരതക നിറമാര്‍ന്ന രത്നങ്ങളും
ചിരിച്ചും നിശബ്ദമായൊഴുകുന്ന നദികളും  
പറയുന്നു, ഇല്ല ഇന്നിനി രാത്രിക്കുറക്കമില്ല 
ഒരു പിടി ചോറിനായലയുന്ന കള്ളനും 
വഴികളില്‍ തെളിയുന്ന വിളക്കുമരങ്ങളും
ചൊല്ലുന്നു ഇല്ലാ ഒരു രാത്രിയും നമുക്കുറക്കമില്ല  
ചന്ദ്രനാല്‍ പങ്കിലമായോരുടലോടെ യാമിനിയോര്‍ക്കുന്നു 
എന്നെനിക്കായിടും പൂകുവാന്‍ പ്രഭാതമാം 
മൃത്യു തന്‍ നിദ്രയെ നിത്യമായ്   

Wednesday 30 November 2011

വ്യതിയാനങ്ങള്‍

ഗെയിറ്റില്‍ വന്നുനിന്ന സ്‌കൂള്‍ബസ്സില്‍ കയറാന്‍ നന്ദന തിരക്കിട്ടോടി.പൂച്ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ടു നിന്ന അച്ഛന്‍ അവളെനോക്കി മൃദുവായി ചിരിച്ചു. നഗരത്തിലെ ഒരു സ്‌കൂളില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ് നന്ദന. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബം.

എന്തുമുടിയാ നിനക്ക്!, അടുത്തിരുന്ന പെണ്‍കുട്ടികള്‍ അവളുടെമുടിയഴക് അസൂയയോടെ നോക്കി.മുത്തശ്ശിയാണ് അവളുടെ മുടിയുടെ പരിചാരിക.അവധിദിവസങ്ങളില്‍ ചെമ്പരത്തിയില ഇടിച്ചുണ്ടാക്കിയ താളി തേച്ചുപിടിപ്പിച്ച് വൃത്തിയായി കഴുകി ഉണങ്ങിക്കഴിയുമ്പോള്‍ ചീകിക്കെട്ടിക്കൊടുക്കും.പുരാണകഥകളും, മന്ത്രവാദിയും ധീരനുമായ മുതുമുത്തച്ഛന്റെ വീരചരിതങ്ങളുമൊക്കെ അപ്പോള്‍ മുത്തശ്ശി പറഞ്ഞുകൊണ്ടിരിക്കും.കുട്ടികളെ അന്ധവിശ്വസങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നത് അച്ഛന്‍ എതിര്‍ത്തിരുന്നുവെങ്കിലും അത്തരം കഥകള്‍ അവള്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.

“നാളെമുതല്‍ രണ്ടുദിവസം സ്കൂളിന് പൂജവെപ്പിന്റെ അവധിയാണ്’.ക്ലാ‍സ്സ്ടീച്ചര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി.ഇനി രണ്ടുദിവസം പഠിക്കണ്ട,യൂണിഫോം ധരിക്കണ്ട,മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കാം,മതിവരുവോളം ആറ്റിലെ തണുത്തവെള്ളത്തില്‍ മുങ്ങിക്കുളിക്കാം.

രാവിലെ അമ്പലത്തില്‍ പോകാനായി അമ്മ വിളിച്ചുണര്‍ത്തിയപ്പോള്‍ പതിവുള്ള ആലസ്യം തോന്നിയില്ല. ചന്ദനനിറമുള്ളപാവാടയും കുപ്പായവും ധരിച്ചപ്പോള്‍ അവള്‍ കൂടുതല്‍ മനോഹരിയായി. ശ്രീകോവിലിനു വലം വെച്ചു, പോറ്റി നല്‍കിയ പ്രസാദവും നെറ്റിയി ല്‍ചാര്‍ത്തി അവള്‍ അമ്മയും മുത്തശ്ശിയും വരാനായികാത്തുനിന്നു. പ്രസാദാത്മകമായ മുഖത്തോടെ ഐശ്വര്യവതിയായ, അന്‍പതുവയസ്സിനുമേല്‍ പ്രായംതോന്നുന്ന ഒരു സ്ത്രീ അടുത്തു നില്‍ക്കുന്നതപ്പോഴാണവള്‍ കണ്ടത്. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ടും  വലതുകൈയ്യില്‍ ഒരു കറുത്ത ചരടും മാത്രമായിരുന്നു ആഭരണമെങ്കിലും അവരുടെ രൂപം വളരെ കുലീനവും ആകര്‍ഷണീയവുമായിരുന്നു. അവര്‍ അവളെനോക്കി പുഞ്ചിരിച്ചു.”കുട്ടി തൊഴുതുകഴിഞ്ഞോ”? മറുപടിയായി അവള്‍ വിനയത്തോടെ പതിയെ മൂളി.

പേരുചോദിച്ചപ്പോള്‍ അവള്‍ മറുപടിപറഞ്ഞു, അച്ഛന്‍ വന്നില്ല അല്ലെ? എങ്ങനെയറിയാം എന്ന അമ്പരപ്പോടെയവള്‍ പറഞ്ഞു,’ ഇല്ല. അച്ഛന്റെ നിരീശ്വരവാദത്തെപ്പറ്റി  പറയാ‍ന്‍ മടി തോന്നി.അമ്മയും മുത്തശ്ശിയും മുന്‍ വശത്തേക്കു വന്നപ്പോള്‍ പോകട്ടെയെന്നു തലയാട്ടി അവള്‍ നടന്നു.അവരുടെ അടുത്തെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ ആ സ്ത്രീയെ എങ്ങും കണ്ടില്ല.

അവള്‍ ആദ്യമായി തിരണ്ടിയത് സ്കൂളില്‍വെച്ചായിരുന്നു. രക്തംകണ്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അവള്‍പകച്ചുപോയി. ടീച്ചര്‍ സ്റ്റാഫ്‌റൂമില്‍ വിളിച്ചുകൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ച് പാടും കൊടുത്തു വിട്ടെങ്കിലും പരിഭ്രമം അടങ്ങിയില്ല.”കുട്ടി അല്‍പ്പനേരം വിശ്രമിച്ചോളു”.സ്കൂള്‍ മൈതാനത്തിലെ ബെഞ്ചില്‍ പതുങ്ങിയിരിക്കുമ്പോള്‍, അമ്പലത്തില്‍ കണ്ട അമ്മ അടുത്തേക്കു വരുന്നു. മാര്‍ദ്ദവമുള്ള കൈകളുടെ ഊഷ്മളസ്പര്‍ശം നെറ്റിയില്‍ പതിഞ്ഞപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.’ പേടിക്കാനൊന്നുമില്ല, നിനക്കു പ്രായപൂര്‍ത്തിയായതല്ലെ’.അവളുടെ കണ്ണുകള്‍ വെറുതേ നിറഞ്ഞു. നിങ്ങളാരാണ്? എങ്ങനെയിതെല്ലാം അറിയുന്നു? അവള്‍ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ബന്ധുക്കള്‍ രാത്രിയില്‍ പലഹാരപ്പൊതികളൂമായിവന്നപ്പോള്‍ നമ്രമുഖിയായവള്‍ നാണിച്ചു നിന്നു.

അമ്മ പഴയ സ്വാതന്ത്ര്യങ്ങള്‍പലതും നിഷേധിച്ചത് ആദ്യമൊക്കെ അവളെ ബുദ്ധിമുട്ടിച്ചു. വേനലവധി തുടങ്ങിയ സമയത്ത് ഒരുദിവസം ആറ്റില്‍ കുളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ പുതിയതായി വാങ്ങിയ നവരത്നമോതിരം വിരളില്‍കാണാനില്ല. ഇന്നു തീര്‍ച്ചയായും അമ്മയുടെ വഴക്ക് കേള്‍ക്കേണ്ടിവരും, അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. പടവുകളിറങ്ങി അമ്പലത്തില്‍ കണ്ട അമ്മ വരുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.

“എന്താ മോളെ മുഖത്തൊരു വിഷമം‌പോലെ?
“എന്‍റെ മോതിരം കാണാ‍നില്ല.
“മോള്‍ എല്ലായിടത്തും നോക്കിയോ?
ഇവിടെല്ലാം നോക്കി,കുളിക്കാനായി എണ്ണതേയ്‌ക്കുമ്പോള്‍ വരെ അതെന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു.

അതാ...ആ കല്ലിന്‍റെ ചുവട്ടിലെന്തോ തിളങ്ങുന്നല്ലോ!, നോക്കു. അവര്‍ വിരള്‍ ചൂണ്ടിയ ഭാഗത്തേക്ക് കുനിഞ്ഞു നോക്കിയ അവള്‍ക്കു വിശ്വസിക്കാനായില്ല, നഷ്ടപ്പെട്ടുവെന്നുകരുതിയ മോതിരം. നന്ദിയോടെ ആ അമ്മയെനോക്കി അവള്‍ ചോദിച്ചു ‘നിങ്ങള്‍ ദേവിയാണൊ’. അവര്‍ കുലുങ്ങിച്ചിരിച്ചു.’ മഴവരുന്നെന്നു തോന്നുന്നു, മോളുവേഗം വീട്ടിലേക്ക് പൊയ്ക്കോളു‘. ധൃതിയില്‍ തുണികള്‍വാരിയടുക്കി നടക്കുമ്പോള്‍ അവരെപ്പറ്റി അമ്മയോടുപറയണം എന്നവള്‍ കരുതി. പക്ഷേ....വീട്ടിലെത്തിയപ്പോള്‍ ആ അജ്ഞാതബന്ധം ഒളിപ്പിച്ചുവെക്കുന്നതിന്റെ നിഗൂഢതയില്‍ അവള്‍ സന്തോഷിച്ചു.

ഉയര്‍ന്ന മാര്‍ക്കോടെ പത്തില്‍ നിന്നും, പന്ത്രണ്ടിനിന്നും ജയിച്ചപ്പോള്‍ അഭിമാനത്തോടൊപ്പം അല്‍‌പ്പം അഹങ്കാരവും അവള്‍ക്ക് തോന്നി. മറ്റെല്ലാവരെക്കാളും ഗുണവതിയും എന്തിനേയും മനസ്സിലാക്കാന്‍ കഴിവുള്ളവളെന്നും സ്വയം കരുതി. അതുരശുശ്രൂഷകയാകാന്‍ പഠിക്കുമ്പോള്‍ അദ്യമായി ശവഹൃഹത്തില്‍ കണ്ട കീറിമുറിക്കാനായി മേശപ്പുറത്തുകിടത്തിയിരുന്ന നഗ്നനായ യുവാവിന്റെ നെഞ്ചിലെ രോമക്കാടുകളിലേക്കു നോക്കിയപ്പോള്‍ അവള്‍ ശരീരം മുഴുവന്‍‌ കോരിത്തരിച്ചു നിന്നുപോയി . അല്‍പ്പം മുന്‍പ്‌വരെ സ്വപ്നങ്ങളും, പ്രേമവും അഹംഭാവവുമൊക്കെതുടിച്ചിരുന്ന ശരീരമാണിപ്പോള്‍ നിശ്ചലമായികിടക്കുന്നത്.

ജോലികിട്ടിയ ആദ്യവര്‍ഷംതന്നെ അവളുടെ കല്യാണം നിശ്ചയിച്ചു. വിവാഹത്തലേന്നു രാത്രിവൈകി തിരക്കുകളെല്ലാമൊഴിഞ്ഞപ്പോള്‍, നിലക്കണ്ണാടിയില്‍ നോക്കിനിന്ന അവള്‍ക്കെന്തോ നഷ്ടബോധം തോന്നി. വെറുതെയിരുന്ന് ആരെയോ ഓര്‍ത്തെടുക്കാനാകാതെ അവള്‍ വിഷമിച്ചു. നാളെമുതല്‍ പുതിയൊരുജീവിതം, അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചുനിന്നു. വീണ്ടും കണ്ണുതുറന്നപ്പോള്‍ കണ്ണാടിയില്‍ കണ്ട പ്രതിബിംബം പഴയ ഐശ്വര്യവതിയായ അമ്മയുടെതായിരുന്നു. കാലം അവരുടെ രൂപത്തിനു മാറ്റമൊന്നും വരുത്തിയില്ല. ഒന്നുറക്കെക്കരയാന്‍ അവള്‍ ആഗ്രഹിച്ചു. കണ്ണാടിയിലെ പ്രതിബിംബം എന്തോപറഞ്ഞതുപോലെ അവള്‍ക്കുതോന്നി.

വിഷമിക്കരുത്.നാളെമുതല്‍ നീയൊരു കുടുംബിനിയാകും, നിന്നെ സ്നേഹിക്കാന്‍, സംരക്ഷിക്കാ‍ന്‍ വേറെയും ആളുകളുണ്ടാവും, നിനക്കു നന്മവരട്ടെ. നോക്കിനില്‍ക്കെ കണ്ണാടിയിലെ രൂപം മാഞ്ഞില്ലാതാവുന്നതും സ്വന്തം പ്രതിബിംബം തെളിയുന്നതും അവള്‍ കണ്ടു.

ജീവിതത്തിന്‍റെ  വ്യതിയാനങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക ശക്തിചോര്‍ന്നുപോയതുപോലെ നിന്നു.പിന്നീടൊരിക്കലും അവളാരൂപം കണ്ടിട്ടില്ല.

Wednesday 9 November 2011

03:42 - No comments

Save your heart, save your life.

Fight and motivate against diseases (Live healthy). according to the list of the causes of human deaths worldwide the highest percentage is due to Cardiovascular diseases. So save your heart by doing regular exercise, healthy and veg contained food, avoid excess use of liquor and smoking, thus save a precious life.

Tuesday 8 November 2011

സ്വര്‍ണ്ണമോതിരം..

ഒരു അവധിദിവസം അത്താഴത്തിനെന്തെങ്കിലും വാങ്ങാമെന്നു വിചാരിച്ചു ‘റൂം‘പൂട്ടി വെളിയിലിറങ്ങി. കുറച്ചുനേരം മഹാനഗരത്തിലെ തിരക്കേറിയ വഴികളിലൂടെ ലക്ഷ്യമില്ലാതെ നടന്നു.താളത്തില്‍ തവിയും പാത്രവും കൈകളും ചലിപ്പിച്ചു ചൌമീന്‍ ഉണ്ടാക്കുന്ന പെട്ടിക്കടയുടെ മുന്നിലെത്തിയപ്പോള്‍ നിന്നു.ഊഴംകാത്തുനില്‍ക്കുമ്പോള്‍ അല്പം സംശയത്തോടെയാണെങ്കിലും നിറഞ്ഞചിരിയോടെ അടുത്തെത്തിയ ചെറുപ്പക്കാരന്‍ ചോദിച്ചു.
“മലയാളിയാണോ’?
ചിരിച്ചുകൊണ്ടു ഞാനുംപറഞ്ഞു’അതേ,എന്താപേര്’?
“വിനീഷ്,ചേട്ടന്റെയോ,?
“വിനോദ്,നാട്ടിലെവിടെയാ?
“ആലപ്പുഴ,നിങ്ങളോ’?
“തൃശൂര്‍,ഇവിടെ എന്തുചെയ്യുന്നു‘?
“ലാബ് ടെക്നീഷ്യനാണ്,സിറ്റീ ഹോസ്പിറ്റലില്‍,ഇവിടെഅടുത്ത് ഒറ്റക്കാണുതാമസിക്കുന്നത്,വൈകിട്ടല്പം കഴിക്കാനിറങ്ങിയതാ,വരുന്നോ വീട്ടിലേക്കു’
അല്പം മടിയോടെ ഞാന്‍ പറഞ്ഞു“ഇല്ല,ഇനിയൊരിക്കലാകട്ടെ’
“ഭാര്യ വഴക്കുപറയുമായിരിക്കും!
“എയ്...അതല്ല,എന്റെ കല്യാണം കഴിഞ്ഞിട്ടില്ല’
“ചേട്ടന്‍ വരു,അധികം ദൂരത്തിലല്ല,തിരിച്ചുഞാന്‍ കൊണ്ടുവിടാം”
നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവനോടൊപ്പം ചെല്ലാമെന്നു സമ്മതിച്ചു.പതിയെ ആ സൌഹൃദം വളര്‍ന്നു.നിര്‍ത്താതെ സംസാരിക്കുന്ന അവന്റെയൊപ്പം അവധിദിവസങ്ങള്‍ സജീവമായിതുടങ്ങി. മദ്യത്തിന്റെ അളവു കൂടിയ ഒരു ദിവസം അവന്‍ തന്റെ കഥപറഞ്ഞു. അച്ഛനും അമ്മയും വെത്യസ്ത മതത്തില്‍പ്പെട്ടവര്‍,സ്നേഹിച്ചു വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതുകാരണം ബന്ധുക്കളുമായി വലിയ അടുപ്പമില്ല.അച്ഛന്‍ മരിച്ച് അഞ്ചുവര്‍ഷമായി.ഇഷ്ടപ്പെട്ട പെണ്‍കുട്ടിയേപ്പറ്റി പറഞ്ഞപ്പോള്‍ അമ്മതന്നെ മുന്‍കൈയ്യെടുത്ത് വിവാഹം നിശ്ചയിച്ചു.സ്വന്തമെന്നുപറയാന്‍ അഞ്ചു സെന്റു സ്ഥലവും,ചെറിയൊരു വീടും,കൈയ്യില്‍ക്കിടക്കുന്ന മോതിരവും മാത്രം.അമ്മയുടെ ചികിത്സയും,വീട്ടുചിലവും കഴിഞ്ഞാല്‍ ഒന്നും മിച്ചമുണ്ടാവില്ല.പ്രതിസ്രുത വധുവും പാവപ്പെട്ട കുടുംബം.

പെട്ടന്നൊരു ദിവസം രാവിലെ എഴുനേല്‍ക്കാന്‍ മടിതോന്നുന്നപോലെ.ഉറങ്ങാനും‌പറ്റുന്നില്ല.സ്വപ്നങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കുന്നു.പിന്നെകണ്ണുതുറന്നപ്പോള്‍ പകലേറിയിരിക്കുന്നു.ഒന്നും കഴിക്കാതെ അന്നൊരുദിവസം കഴിച്ചുകൂട്ടി.അടുത്തദിവസം എഴുനേല്‍ക്കാന്‍പോലും ശക്തിയില്ല.അപ്പോഴാണ് വിനീഷിന്റെ ഫോണ്‍ വന്നത്.ശബ്ദ്ധത്തിലെ ക്ഷീണം അവന്‍ മനസ്സിലാക്കി.അവന്‍ വന്നതും വിളിച്ചതും ഒരോര്‍മ്മപോലെ!

ഒരാഴ്ച ആസ്പത്രിവാസം കഴിഞ്ഞപ്പോള്‍ കൈയ്യില്‍‌പണമൊന്നും ഉണ്ടായിരുന്നില്ല.മോതിരം പണയംവെച്ച് പണം കൊടുത്തത് അവനാണ്.ക്ഷിണം‌മാറുന്നതുവരെ കഞ്ഞികൊണ്ടുത്തരാന്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളു.ശമ്പളം കിട്ടുമ്പോള്‍ അവന്റെകടം മടക്കിക്കൊടുക്കാം എന്നുകരുതി ഒന്നും പറഞ്ഞില്ല,അവന്‍ ചോദിച്ചതുമില്ല.

ഒരുദിവസം അതിരാവിലെ പറയാതെ വാടിയമുഖവുമായി അവന്‍ കയറിവന്നു.അമ്മക്ക് സുഖമില്ല,പെട്ടന്നു നാട്ടില്‍പോകണം.ഒരു കൂട്ടുകാരന്റെ കൈയ്യില്‍നിന്നും അമ്പതിനായിരം രൂപ കടം വാങ്ങിക്കൊടുത്തു.നാട്ടില്‍ചെന്നിട്ട് വിളിക്കാമെന്നും വാക്കുപറഞ്ഞിട്ടവന്‍ പോയി.ഒരാഴ്ചകഴിഞ്ഞു,അവന്‍ വിളിച്ചു.നിര്‍വികാരമായസ്വരത്തില്‍ പറഞ്ഞു, അമ്മ മരിച്ചു.എന്തു പറയണമെന്നറിയാതെ ഞാന്‍നിന്നു.ജീവിതത്തില്‍ അവനാകയുള്ള ബന്ധവും അറ്റു.ഒരിക്കല്‍കൂടി അവന്‍‌വിളിച്ചു. കല്ല്യാണം കഴിഞ്ഞേ തിരിച്ചു വരികയുള്ളു.ഞാന്‍ ആശംസകള്‍ നേര്‍ന്നു.പിന്നെ രണ്ടുമാസത്തേക്കവന്‍ വിളിച്ചില്ല.

വാങ്ങിയത് ആറായിരം രൂപ,കൊടുത്തത് അമ്പതിനായിരം രൂപ!,നാട്ടില്‍ ചെന്നപ്പോള്‍ അവന്റെ വീട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.പണയം തിരിച്ചെടൂത്ത മോതിരവുമായി ഞാന്‍ രാവിലെയാത്രതിരിച്ചു.ചോദിച്ചും പറഞ്ഞും ഒരുചെറിയ വീട്ടില്‍ എത്തിച്ചേര്‍ന്നു,കാടുപിടിച്ച മുറ്റവും,പൊടിയും മറാലയുംകയറിയ വരാന്തയുമുള്ള ഒരു ചെറിയ വീട്.’പറ്റിച്ചല്ലോയെന്നോര്‍ത്ത് ഞാന്‍ നിന്നു.പോകാന്‍ തിരിഞ്ഞപ്പോള്‍ നരച്ച മുടിയും ഇരുണ്ട നിറവുമുള്ള ഒരാള്‍ കയറിവന്നു.
“എവിടുന്നാ?
“ആലപ്പുഴേന്നാ,വിനീഷിന്റെ കൂട്ടുകാരനാ,ഒന്നു കാണാന്‍ വന്നതാ.
“ഒന്നുമറിഞ്ഞില്ലേ..? അയാള്‍ ചോദിച്ചു
“ഇല്ല, ഇതവന്റെ വീടല്ലെ.?!
ഓരു ദീര്‍ഘനിശ്വാസമേടുത്ത ശേഷം അയാള്‍ പറഞ്ഞു ‘ഞാന്‍ അവന്റെ അമ്മാവനാ’ അവന്‍ മരിച്ചിട്ടു രണ്ടു മാസമായി.ബൈക്കാക്സിഡന്റായിരുന്നു,കൂട്ടുകാരന്റെയൊപ്പം അമ്മയുടെ അടിയന്ത്രം പറയാന്‍പോയതാ,മൂടിക്കെട്ടിയ ശരീരമാണ് തിരിച്ചുവന്നത്...ഒക്കെ വിധി,അല്ലാതെന്തുപറയാന്‍!.പെണ്ണും കുടുംബവുമൊക്കെവന്നിരുന്നു.

“അവിടെയാ അടക്കിയിരിക്കുന്നത്,വീടിന്റെ പിന്‍‌വശത്തേക്ക് വിരല്‍ ചൂണ്ടി അയാള്‍പറഞ്ഞു.

അവന്റെ ഭൌതീക സ്വത്തായ വീടും സ്ഥലവും വിട്ടുബാക്കിയുള്ള മോതിരവുമായി ഞാന്‍ തിരിച്ചുനടന്നു, മോഹങ്ങള്‍...അതോ...മോഹഭംഗങ്ങളോ ബാക്കിയാക്കിയ ഭൂമിയില്‍ നിന്നും.....

Thursday 3 November 2011

വെറുംവാക്ക്

വെറുതെ എഴുതിയാല്‍ വെറുക്കപ്പെടും
വറ്റിനെങ്കിലും വാക്കുവേണ്ടെ,
വെണ്ണിലാവിലും വെണ്ണീരിലും
വെണ്മയുണ്ടാകുമൊ വരച്ചുവെച്ചാല്‍