Tuesday 8 November 2011

സ്വര്‍ണ്ണമോതിരം..

ഒരു അവധിദിവസം അത്താഴത്തിനെന്തെങ്കിലും വാങ്ങാമെന്നു വിചാരിച്ചു ‘റൂം‘പൂട്ടി വെളിയിലിറങ്ങി. കുറച്ചുനേരം മഹാനഗരത്തിലെ തിരക്കേറിയ വഴികളിലൂടെ ലക്ഷ്യമില്ലാതെ നടന്നു.താളത്തില്‍ തവിയും പാത്രവും കൈകളും ചലിപ്പിച്ചു ചൌമീന്‍ ഉണ്ടാക്കുന്ന പെട്ടിക്കടയുടെ മുന്നിലെത്തിയപ്പോള്‍ നിന്നു.ഊഴംകാത്തുനില്‍ക്കുമ്പോള്‍ അല്പം സംശയത്തോടെയാണെങ്കിലും നിറഞ്ഞചിരിയോടെ അടുത്തെത്തിയ ചെറുപ്പക്കാരന്‍ ചോദിച്ചു.
“മലയാളിയാണോ’?
ചിരിച്ചുകൊണ്ടു ഞാനുംപറഞ്ഞു’അതേ,എന്താപേര്’?
“വിനീഷ്,ചേട്ടന്റെയോ,?
“വിനോദ്,നാട്ടിലെവിടെയാ?
“ആലപ്പുഴ,നിങ്ങളോ’?
“തൃശൂര്‍,ഇവിടെ എന്തുചെയ്യുന്നു‘?
“ലാബ് ടെക്നീഷ്യനാണ്,സിറ്റീ ഹോസ്പിറ്റലില്‍,ഇവിടെഅടുത്ത് ഒറ്റക്കാണുതാമസിക്കുന്നത്,വൈകിട്ടല്പം കഴിക്കാനിറങ്ങിയതാ,വരുന്നോ വീട്ടിലേക്കു’
അല്പം മടിയോടെ ഞാന്‍ പറഞ്ഞു“ഇല്ല,ഇനിയൊരിക്കലാകട്ടെ’
“ഭാര്യ വഴക്കുപറയുമായിരിക്കും!
“എയ്...അതല്ല,എന്റെ കല്യാണം കഴിഞ്ഞിട്ടില്ല’
“ചേട്ടന്‍ വരു,അധികം ദൂരത്തിലല്ല,തിരിച്ചുഞാന്‍ കൊണ്ടുവിടാം”
നിര്‍ബന്ധിച്ചപ്പോള്‍ ഞാന്‍ അവനോടൊപ്പം ചെല്ലാമെന്നു സമ്മതിച്ചു.പതിയെ ആ സൌഹൃദം വളര്‍ന്നു.നിര്‍ത്താതെ സംസാരിക്കുന്ന അവന്റെയൊപ്പം അവധിദിവസങ്ങള്‍ സജീവമായിതുടങ്ങി. മദ്യത്തിന്റെ അളവു കൂടിയ ഒരു ദിവസം അവന്‍ തന്റെ കഥപറഞ്ഞു. അച്ഛനും അമ്മയും വെത്യസ്ത മതത്തില്‍പ്പെട്ടവര്‍,സ്നേഹിച്ചു വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതുകാരണം ബന്ധുക്കളുമായി വലിയ അടുപ്പമില്ല.അച്ഛന്‍ മരിച്ച് അഞ്ചുവര്‍ഷമായി.ഇഷ്ടപ്പെട്ട പെണ്‍കുട്ടിയേപ്പറ്റി പറഞ്ഞപ്പോള്‍ അമ്മതന്നെ മുന്‍കൈയ്യെടുത്ത് വിവാഹം നിശ്ചയിച്ചു.സ്വന്തമെന്നുപറയാന്‍ അഞ്ചു സെന്റു സ്ഥലവും,ചെറിയൊരു വീടും,കൈയ്യില്‍ക്കിടക്കുന്ന മോതിരവും മാത്രം.അമ്മയുടെ ചികിത്സയും,വീട്ടുചിലവും കഴിഞ്ഞാല്‍ ഒന്നും മിച്ചമുണ്ടാവില്ല.പ്രതിസ്രുത വധുവും പാവപ്പെട്ട കുടുംബം.

പെട്ടന്നൊരു ദിവസം രാവിലെ എഴുനേല്‍ക്കാന്‍ മടിതോന്നുന്നപോലെ.ഉറങ്ങാനും‌പറ്റുന്നില്ല.സ്വപ്നങ്ങള്‍ മാറിമാറി വന്നുകൊണ്ടിരിക്കുന്നു.പിന്നെകണ്ണുതുറന്നപ്പോള്‍ പകലേറിയിരിക്കുന്നു.ഒന്നും കഴിക്കാതെ അന്നൊരുദിവസം കഴിച്ചുകൂട്ടി.അടുത്തദിവസം എഴുനേല്‍ക്കാന്‍പോലും ശക്തിയില്ല.അപ്പോഴാണ് വിനീഷിന്റെ ഫോണ്‍ വന്നത്.ശബ്ദ്ധത്തിലെ ക്ഷീണം അവന്‍ മനസ്സിലാക്കി.അവന്‍ വന്നതും വിളിച്ചതും ഒരോര്‍മ്മപോലെ!

ഒരാഴ്ച ആസ്പത്രിവാസം കഴിഞ്ഞപ്പോള്‍ കൈയ്യില്‍‌പണമൊന്നും ഉണ്ടായിരുന്നില്ല.മോതിരം പണയംവെച്ച് പണം കൊടുത്തത് അവനാണ്.ക്ഷിണം‌മാറുന്നതുവരെ കഞ്ഞികൊണ്ടുത്തരാന്‍ അവന്‍ മാത്രമേയുണ്ടായിരുന്നുള്ളു.ശമ്പളം കിട്ടുമ്പോള്‍ അവന്റെകടം മടക്കിക്കൊടുക്കാം എന്നുകരുതി ഒന്നും പറഞ്ഞില്ല,അവന്‍ ചോദിച്ചതുമില്ല.

ഒരുദിവസം അതിരാവിലെ പറയാതെ വാടിയമുഖവുമായി അവന്‍ കയറിവന്നു.അമ്മക്ക് സുഖമില്ല,പെട്ടന്നു നാട്ടില്‍പോകണം.ഒരു കൂട്ടുകാരന്റെ കൈയ്യില്‍നിന്നും അമ്പതിനായിരം രൂപ കടം വാങ്ങിക്കൊടുത്തു.നാട്ടില്‍ചെന്നിട്ട് വിളിക്കാമെന്നും വാക്കുപറഞ്ഞിട്ടവന്‍ പോയി.ഒരാഴ്ചകഴിഞ്ഞു,അവന്‍ വിളിച്ചു.നിര്‍വികാരമായസ്വരത്തില്‍ പറഞ്ഞു, അമ്മ മരിച്ചു.എന്തു പറയണമെന്നറിയാതെ ഞാന്‍നിന്നു.ജീവിതത്തില്‍ അവനാകയുള്ള ബന്ധവും അറ്റു.ഒരിക്കല്‍കൂടി അവന്‍‌വിളിച്ചു. കല്ല്യാണം കഴിഞ്ഞേ തിരിച്ചു വരികയുള്ളു.ഞാന്‍ ആശംസകള്‍ നേര്‍ന്നു.പിന്നെ രണ്ടുമാസത്തേക്കവന്‍ വിളിച്ചില്ല.

വാങ്ങിയത് ആറായിരം രൂപ,കൊടുത്തത് അമ്പതിനായിരം രൂപ!,നാട്ടില്‍ ചെന്നപ്പോള്‍ അവന്റെ വീട്ടില്‍ പോകാന്‍ ഞാന്‍ തീരുമാനിച്ചു.പണയം തിരിച്ചെടൂത്ത മോതിരവുമായി ഞാന്‍ രാവിലെയാത്രതിരിച്ചു.ചോദിച്ചും പറഞ്ഞും ഒരുചെറിയ വീട്ടില്‍ എത്തിച്ചേര്‍ന്നു,കാടുപിടിച്ച മുറ്റവും,പൊടിയും മറാലയുംകയറിയ വരാന്തയുമുള്ള ഒരു ചെറിയ വീട്.’പറ്റിച്ചല്ലോയെന്നോര്‍ത്ത് ഞാന്‍ നിന്നു.പോകാന്‍ തിരിഞ്ഞപ്പോള്‍ നരച്ച മുടിയും ഇരുണ്ട നിറവുമുള്ള ഒരാള്‍ കയറിവന്നു.
“എവിടുന്നാ?
“ആലപ്പുഴേന്നാ,വിനീഷിന്റെ കൂട്ടുകാരനാ,ഒന്നു കാണാന്‍ വന്നതാ.
“ഒന്നുമറിഞ്ഞില്ലേ..? അയാള്‍ ചോദിച്ചു
“ഇല്ല, ഇതവന്റെ വീടല്ലെ.?!
ഓരു ദീര്‍ഘനിശ്വാസമേടുത്ത ശേഷം അയാള്‍ പറഞ്ഞു ‘ഞാന്‍ അവന്റെ അമ്മാവനാ’ അവന്‍ മരിച്ചിട്ടു രണ്ടു മാസമായി.ബൈക്കാക്സിഡന്റായിരുന്നു,കൂട്ടുകാരന്റെയൊപ്പം അമ്മയുടെ അടിയന്ത്രം പറയാന്‍പോയതാ,മൂടിക്കെട്ടിയ ശരീരമാണ് തിരിച്ചുവന്നത്...ഒക്കെ വിധി,അല്ലാതെന്തുപറയാന്‍!.പെണ്ണും കുടുംബവുമൊക്കെവന്നിരുന്നു.

“അവിടെയാ അടക്കിയിരിക്കുന്നത്,വീടിന്റെ പിന്‍‌വശത്തേക്ക് വിരല്‍ ചൂണ്ടി അയാള്‍പറഞ്ഞു.

അവന്റെ ഭൌതീക സ്വത്തായ വീടും സ്ഥലവും വിട്ടുബാക്കിയുള്ള മോതിരവുമായി ഞാന്‍ തിരിച്ചുനടന്നു, മോഹങ്ങള്‍...അതോ...മോഹഭംഗങ്ങളോ ബാക്കിയാക്കിയ ഭൂമിയില്‍ നിന്നും.....

4 comments:

വേഗത്തിൽ പറഞ്ഞുപോയ കഥ.കൂടുതൽ പോരട്ടെ.ആശംസകൾ...

പറയേണ്ട രീതിയില്‍ പറഞ്ഞില്ല എന്നു തോന്നുന്നു!

നമ്മുടെ പല സുഹൃത്തുക്കള്‍ക്കും, അവര്‍ പറയാന്‍ വിട്ടു പോയ പലതും ഉണ്ട്.