Wednesday 30 November 2011

വ്യതിയാനങ്ങള്‍

ഗെയിറ്റില്‍ വന്നുനിന്ന സ്‌കൂള്‍ബസ്സില്‍ കയറാന്‍ നന്ദന തിരക്കിട്ടോടി.പൂച്ചെടികള്‍ക്കു വെള്ളമൊഴിച്ചുകൊണ്ടു നിന്ന അച്ഛന്‍ അവളെനോക്കി മൃദുവായി ചിരിച്ചു. നഗരത്തിലെ ഒരു സ്‌കൂളില്‍ എട്ടാംക്ലാസ്സ് വിദ്യാര്‍ഥിനിയാണ് നന്ദന. സര്‍ക്കാരുദ്യോഗസ്ഥനായ അച്ഛനും അമ്മയും മുത്തശ്ശിയും അടങ്ങുന്ന കുടുംബം.

എന്തുമുടിയാ നിനക്ക്!, അടുത്തിരുന്ന പെണ്‍കുട്ടികള്‍ അവളുടെമുടിയഴക് അസൂയയോടെ നോക്കി.മുത്തശ്ശിയാണ് അവളുടെ മുടിയുടെ പരിചാരിക.അവധിദിവസങ്ങളില്‍ ചെമ്പരത്തിയില ഇടിച്ചുണ്ടാക്കിയ താളി തേച്ചുപിടിപ്പിച്ച് വൃത്തിയായി കഴുകി ഉണങ്ങിക്കഴിയുമ്പോള്‍ ചീകിക്കെട്ടിക്കൊടുക്കും.പുരാണകഥകളും, മന്ത്രവാദിയും ധീരനുമായ മുതുമുത്തച്ഛന്റെ വീരചരിതങ്ങളുമൊക്കെ അപ്പോള്‍ മുത്തശ്ശി പറഞ്ഞുകൊണ്ടിരിക്കും.കുട്ടികളെ അന്ധവിശ്വസങ്ങള്‍ പറഞ്ഞു പഠിപ്പിക്കുന്നത് അച്ഛന്‍ എതിര്‍ത്തിരുന്നുവെങ്കിലും അത്തരം കഥകള്‍ അവള്‍ എന്നും ഇഷ്ടപ്പെട്ടിരുന്നു.

“നാളെമുതല്‍ രണ്ടുദിവസം സ്കൂളിന് പൂജവെപ്പിന്റെ അവധിയാണ്’.ക്ലാ‍സ്സ്ടീച്ചര്‍ പറഞ്ഞപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി.ഇനി രണ്ടുദിവസം പഠിക്കണ്ട,യൂണിഫോം ധരിക്കണ്ട,മുത്തശ്ശിയുടെ കഥകള്‍ കേള്‍ക്കാം,മതിവരുവോളം ആറ്റിലെ തണുത്തവെള്ളത്തില്‍ മുങ്ങിക്കുളിക്കാം.

രാവിലെ അമ്പലത്തില്‍ പോകാനായി അമ്മ വിളിച്ചുണര്‍ത്തിയപ്പോള്‍ പതിവുള്ള ആലസ്യം തോന്നിയില്ല. ചന്ദനനിറമുള്ളപാവാടയും കുപ്പായവും ധരിച്ചപ്പോള്‍ അവള്‍ കൂടുതല്‍ മനോഹരിയായി. ശ്രീകോവിലിനു വലം വെച്ചു, പോറ്റി നല്‍കിയ പ്രസാദവും നെറ്റിയി ല്‍ചാര്‍ത്തി അവള്‍ അമ്മയും മുത്തശ്ശിയും വരാനായികാത്തുനിന്നു. പ്രസാദാത്മകമായ മുഖത്തോടെ ഐശ്വര്യവതിയായ, അന്‍പതുവയസ്സിനുമേല്‍ പ്രായംതോന്നുന്ന ഒരു സ്ത്രീ അടുത്തു നില്‍ക്കുന്നതപ്പോഴാണവള്‍ കണ്ടത്. നെറ്റിയില്‍ വലിയ സിന്ദൂരപ്പൊട്ടും  വലതുകൈയ്യില്‍ ഒരു കറുത്ത ചരടും മാത്രമായിരുന്നു ആഭരണമെങ്കിലും അവരുടെ രൂപം വളരെ കുലീനവും ആകര്‍ഷണീയവുമായിരുന്നു. അവര്‍ അവളെനോക്കി പുഞ്ചിരിച്ചു.”കുട്ടി തൊഴുതുകഴിഞ്ഞോ”? മറുപടിയായി അവള്‍ വിനയത്തോടെ പതിയെ മൂളി.

പേരുചോദിച്ചപ്പോള്‍ അവള്‍ മറുപടിപറഞ്ഞു, അച്ഛന്‍ വന്നില്ല അല്ലെ? എങ്ങനെയറിയാം എന്ന അമ്പരപ്പോടെയവള്‍ പറഞ്ഞു,’ ഇല്ല. അച്ഛന്റെ നിരീശ്വരവാദത്തെപ്പറ്റി  പറയാ‍ന്‍ മടി തോന്നി.അമ്മയും മുത്തശ്ശിയും മുന്‍ വശത്തേക്കു വന്നപ്പോള്‍ പോകട്ടെയെന്നു തലയാട്ടി അവള്‍ നടന്നു.അവരുടെ അടുത്തെത്തി തിരിഞ്ഞുനോക്കിയപ്പോള്‍ ആ സ്ത്രീയെ എങ്ങും കണ്ടില്ല.

അവള്‍ ആദ്യമായി തിരണ്ടിയത് സ്കൂളില്‍വെച്ചായിരുന്നു. രക്തംകണ്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ അവള്‍പകച്ചുപോയി. ടീച്ചര്‍ സ്റ്റാഫ്‌റൂമില്‍ വിളിച്ചുകൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ച് പാടും കൊടുത്തു വിട്ടെങ്കിലും പരിഭ്രമം അടങ്ങിയില്ല.”കുട്ടി അല്‍പ്പനേരം വിശ്രമിച്ചോളു”.സ്കൂള്‍ മൈതാനത്തിലെ ബെഞ്ചില്‍ പതുങ്ങിയിരിക്കുമ്പോള്‍, അമ്പലത്തില്‍ കണ്ട അമ്മ അടുത്തേക്കു വരുന്നു. മാര്‍ദ്ദവമുള്ള കൈകളുടെ ഊഷ്മളസ്പര്‍ശം നെറ്റിയില്‍ പതിഞ്ഞപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.’ പേടിക്കാനൊന്നുമില്ല, നിനക്കു പ്രായപൂര്‍ത്തിയായതല്ലെ’.അവളുടെ കണ്ണുകള്‍ വെറുതേ നിറഞ്ഞു. നിങ്ങളാരാണ്? എങ്ങനെയിതെല്ലാം അറിയുന്നു? അവള്‍ക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. ബന്ധുക്കള്‍ രാത്രിയില്‍ പലഹാരപ്പൊതികളൂമായിവന്നപ്പോള്‍ നമ്രമുഖിയായവള്‍ നാണിച്ചു നിന്നു.

അമ്മ പഴയ സ്വാതന്ത്ര്യങ്ങള്‍പലതും നിഷേധിച്ചത് ആദ്യമൊക്കെ അവളെ ബുദ്ധിമുട്ടിച്ചു. വേനലവധി തുടങ്ങിയ സമയത്ത് ഒരുദിവസം ആറ്റില്‍ കുളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ പുതിയതായി വാങ്ങിയ നവരത്നമോതിരം വിരളില്‍കാണാനില്ല. ഇന്നു തീര്‍ച്ചയായും അമ്മയുടെ വഴക്ക് കേള്‍ക്കേണ്ടിവരും, അവള്‍ക്ക് കരച്ചില്‍ വരുന്നുണ്ടായിരുന്നു. പടവുകളിറങ്ങി അമ്പലത്തില്‍ കണ്ട അമ്മ വരുന്നത് കണ്ടപ്പോള്‍ അവള്‍ക്ക് ആശ്വാസം തോന്നി.

“എന്താ മോളെ മുഖത്തൊരു വിഷമം‌പോലെ?
“എന്‍റെ മോതിരം കാണാ‍നില്ല.
“മോള്‍ എല്ലായിടത്തും നോക്കിയോ?
ഇവിടെല്ലാം നോക്കി,കുളിക്കാനായി എണ്ണതേയ്‌ക്കുമ്പോള്‍ വരെ അതെന്‍റെ കൈയ്യില്‍ ഉണ്ടായിരുന്നു.

അതാ...ആ കല്ലിന്‍റെ ചുവട്ടിലെന്തോ തിളങ്ങുന്നല്ലോ!, നോക്കു. അവര്‍ വിരള്‍ ചൂണ്ടിയ ഭാഗത്തേക്ക് കുനിഞ്ഞു നോക്കിയ അവള്‍ക്കു വിശ്വസിക്കാനായില്ല, നഷ്ടപ്പെട്ടുവെന്നുകരുതിയ മോതിരം. നന്ദിയോടെ ആ അമ്മയെനോക്കി അവള്‍ ചോദിച്ചു ‘നിങ്ങള്‍ ദേവിയാണൊ’. അവര്‍ കുലുങ്ങിച്ചിരിച്ചു.’ മഴവരുന്നെന്നു തോന്നുന്നു, മോളുവേഗം വീട്ടിലേക്ക് പൊയ്ക്കോളു‘. ധൃതിയില്‍ തുണികള്‍വാരിയടുക്കി നടക്കുമ്പോള്‍ അവരെപ്പറ്റി അമ്മയോടുപറയണം എന്നവള്‍ കരുതി. പക്ഷേ....വീട്ടിലെത്തിയപ്പോള്‍ ആ അജ്ഞാതബന്ധം ഒളിപ്പിച്ചുവെക്കുന്നതിന്റെ നിഗൂഢതയില്‍ അവള്‍ സന്തോഷിച്ചു.

ഉയര്‍ന്ന മാര്‍ക്കോടെ പത്തില്‍ നിന്നും, പന്ത്രണ്ടിനിന്നും ജയിച്ചപ്പോള്‍ അഭിമാനത്തോടൊപ്പം അല്‍‌പ്പം അഹങ്കാരവും അവള്‍ക്ക് തോന്നി. മറ്റെല്ലാവരെക്കാളും ഗുണവതിയും എന്തിനേയും മനസ്സിലാക്കാന്‍ കഴിവുള്ളവളെന്നും സ്വയം കരുതി. അതുരശുശ്രൂഷകയാകാന്‍ പഠിക്കുമ്പോള്‍ അദ്യമായി ശവഹൃഹത്തില്‍ കണ്ട കീറിമുറിക്കാനായി മേശപ്പുറത്തുകിടത്തിയിരുന്ന നഗ്നനായ യുവാവിന്റെ നെഞ്ചിലെ രോമക്കാടുകളിലേക്കു നോക്കിയപ്പോള്‍ അവള്‍ ശരീരം മുഴുവന്‍‌ കോരിത്തരിച്ചു നിന്നുപോയി . അല്‍പ്പം മുന്‍പ്‌വരെ സ്വപ്നങ്ങളും, പ്രേമവും അഹംഭാവവുമൊക്കെതുടിച്ചിരുന്ന ശരീരമാണിപ്പോള്‍ നിശ്ചലമായികിടക്കുന്നത്.

ജോലികിട്ടിയ ആദ്യവര്‍ഷംതന്നെ അവളുടെ കല്യാണം നിശ്ചയിച്ചു. വിവാഹത്തലേന്നു രാത്രിവൈകി തിരക്കുകളെല്ലാമൊഴിഞ്ഞപ്പോള്‍, നിലക്കണ്ണാടിയില്‍ നോക്കിനിന്ന അവള്‍ക്കെന്തോ നഷ്ടബോധം തോന്നി. വെറുതെയിരുന്ന് ആരെയോ ഓര്‍ത്തെടുക്കാനാകാതെ അവള്‍ വിഷമിച്ചു. നാളെമുതല്‍ പുതിയൊരുജീവിതം, അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ചുനിന്നു. വീണ്ടും കണ്ണുതുറന്നപ്പോള്‍ കണ്ണാടിയില്‍ കണ്ട പ്രതിബിംബം പഴയ ഐശ്വര്യവതിയായ അമ്മയുടെതായിരുന്നു. കാലം അവരുടെ രൂപത്തിനു മാറ്റമൊന്നും വരുത്തിയില്ല. ഒന്നുറക്കെക്കരയാന്‍ അവള്‍ ആഗ്രഹിച്ചു. കണ്ണാടിയിലെ പ്രതിബിംബം എന്തോപറഞ്ഞതുപോലെ അവള്‍ക്കുതോന്നി.

വിഷമിക്കരുത്.നാളെമുതല്‍ നീയൊരു കുടുംബിനിയാകും, നിന്നെ സ്നേഹിക്കാന്‍, സംരക്ഷിക്കാ‍ന്‍ വേറെയും ആളുകളുണ്ടാവും, നിനക്കു നന്മവരട്ടെ. നോക്കിനില്‍ക്കെ കണ്ണാടിയിലെ രൂപം മാഞ്ഞില്ലാതാവുന്നതും സ്വന്തം പ്രതിബിംബം തെളിയുന്നതും അവള്‍ കണ്ടു.

ജീവിതത്തിന്‍റെ  വ്യതിയാനങ്ങളെക്കുറിച്ചോര്‍ത്തപ്പോള്‍ അവള്‍ക ശക്തിചോര്‍ന്നുപോയതുപോലെ നിന്നു.പിന്നീടൊരിക്കലും അവളാരൂപം കണ്ടിട്ടില്ല.

3 comments:

thanks, nammudethayalum mattullavarudethayalum pala anubhavangalum ezhuthiyo paranjo avasanippikkan pattumo ennariyilla. swapnangalkku patent illallo.

എഴുത്തിഷ്ടമായി. പക്ഷെ ഒരപൂര്‍ണ്ണത ഉള്ളതുപോലെ. ഇനി എന്റെ തോന്നലാണോ?.....സസ്നേഹം